കൂറ്റനാട് വീട്ടില്‍ മോഷണം. 25 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു. വ്യാപാരി തൊഴുക്കാട് സ്വദേശി പി.വി. സുധീറിന്റെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ശേഷമാണ് മോഷണം നടന്നത്. വൈകീട്ട് ആമക്കാവ് ക്ഷേത്രത്തിലേക്ക് പൂരം കാണുന്നതിനായി സുധീറും കുടുംബവും പോയിരുന്നു. ഇതിനിടെ സമീപത്ത് താമസിക്കുന്ന സുധീറിന്റെ അച്ഛനും അമ്മയും മകന്റെ വീട്ടിന്റെ മുകളില്‍ നിന്ന് രാത്രിയിലെ വെടിക്കെട്ട് കാണാനെത്തിയപ്പോഴാണ് വീട്ടിന്റെ പിറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുന്‍വശത്തെ വാതില്‍ തുറന്നനിലയിലും മുറികളിലെ അലമാരകള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തി. വിവരം അറിഞ്ഞ് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



