ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ കണ്ണന് ഉത്രാടകാഴ്ചകുലകള്‍ സമര്‍പ്പിച്ചു.

Advertisement

Advertisement

ഭക്തര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ലാത്തതിനാല്‍ പുറത്ത് കിഴക്കേഗോപുരത്തിനു മുന്നിലായിരുന്നു ചടങ്ങ് നടന്നത്.ശീവേലിയ്ക്ക് ശേഷം രാവിലെ ആറരയോടെയാണ് കാഴ്ചക്കുല സമര്‍പ്പണം തുടങ്ങിയത്. അരിമാവണിഞ്ഞ് നാക്കിലവച്ചതിന് മുകളില്‍ മേല്‍ശാന്തിയുടെ ചുമതലയുള്ള ഓതിക്കന്‍ പഴയത്ത് സതീശന്‍ നമ്പൂതിരി ആദ്യകുല സമര്‍പ്പിച്ചു. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ടി.ബ്രീജകുമാരി, ഭരണസമതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.വി.ഷാജി, കെ.അജിത്, ഇ.പി.ആര്‍ വേശാല തുടങ്ങിയവരും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തര്‍ക്ക് കാഴ്ചക്കുല സമര്‍പ്പിക്കാന്‍ അവസരം നല്‍കി. കുല സമര്‍പ്പിക്കാനുള്ളവര്‍ക്കായി തെക്കേനടയില്‍ പ്രത്യകം വരി സംവിധാനം ഒരുക്കിയിരുന്നു. കുല സമര്‍പ്പണം രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നതു വരെ തുടരും. ഭഗവാന് സമര്‍പ്പിക്കപ്പെട്ട കാഴ്ചക്കുലകളില്‍ ഒരു പങ്ക് ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. പഴത്തോടൊപ്പം, ശര്‍ക്കര, നാളികേരം എന്നിവയും നല്‍കി. ബാക്കിയുള്ളവ ഭക്തര്‍ക്ക് ലേലം ചെയ്തു. ഒരു പങ്ക് തിരുവോണ സദ്യക്ക് പഴം പ്രഥമനുണ്ടാക്കാന്‍ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചത്താലത്തില്‍ തിരുവോണ സദ്യ ഒഴിവാക്കിയിരിക്കുകയാണ്. ഓണത്തിന് ജന്മിമാര്‍ക്ക് പാട്ടക്കുടിയാന്‍മാര്‍ കാഴ്ചക്കുല സമര്‍പ്പിച്ച് സന്തോഷിപ്പിച്ചിരുന്ന പഴയ കാലഘട്ടത്തിന്റെ ഓര്‍മ്മയുണര്‍ത്തിയാണ് ഇന്നും കാഴ്ച കുല സമര്‍പ്പണം നടത്തുന്നത്. മുന്‍കാലങ്ങളില്‍ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് കാഴ്ചക്കുല എത്തിച്ചിരുന്നത്. പാട്ടക്കുലകള്‍ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായതോടെ ആ നിലയ്ക്കുള്ള കാഴ്ചക്കുലകളുടെ വരവ് നിലക്കുകയും ഭക്തര്‍ കാഴ്ച കുല സമര്‍പ്പിച്ച് തുടങ്ങുകയുമായിരുന്നു.