മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷികത്തിൽ രാജ്യം അദ്ദേഹത്തിനു പ്രണാമമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ അദ്ദേഹത്തെ സ്‌മരിച്ചു സമാധി സ്‌ഥലമായ വീർഭൂമിയിൽ രാവിലെ അനുസ്‌മരണച്ചടങ്ങ് നടന്നു. മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‌ര, നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, പി.ചിദംബരം, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു. പിതാവിനു പ്രണാമമർപ്പിച്ചുള്ള വിഡിയോ രാഹുലും പ്രിയങ്കയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ‘അച്ഛാ. താങ്കൾ ഓരോ നിമിഷവും എനിക്കൊപ്പമുണ്ട്. എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനു വേണ്ടി താങ്കൾ കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ ഞാൻ പരിശ്രമിക്കും’ – രാഹുൽ ട്വിറ്ററിൽ കുറിച്ചു.