കേരളത്തിലെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ ആവേശകരമായ അധ്യായം കുറിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ ഓര്‍മയ്ക്ക് ശനിയാഴ്ച 94 വയസ്സ് തികയും. സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി ഗുരുവായൂരിലെ ഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും നവോത്ഥാന മണ്ണില്‍ ഒത്തുകൂടും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് കെ. കേളപ്പന്റെ നേതൃത്വത്തില്‍ 1931 നവംബര്‍ ഒന്നിനായിരുന്നു സത്യഗ്രഹ സമരത്തിന് തുടക്കമിട്ടത്. സമരം ശക്തിപ്പെട്ട് 1947 ജൂണ്‍ രണ്ടിന് ഗുരുവായൂര്‍ ക്ഷേത്ര ഗോപുരവാതില്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നു കൊടുക്കേണ്ടി വന്നു. ഇതിന്റെ സ്മാരകമായി കിഴക്കേ നടയിലെ സത്രം വളപ്പില്‍ സ്തൂപം സ്ഥാപിച്ചു. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് സ്തൂഭത്തിന് മുന്നില്‍ എല്ലാവരും ഒത്ത് കൂടും. ഗുരുവായൂര്‍ ദേവസ്വത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സദസ്സും നടക്കും.
 
                 
		
 
    
   
    