പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെണ്‍കുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദില്‍ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്. വിദ്യാര്‍ത്ഥികളെ അവസാന നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ പ്രയാസപ്പെട്ടു.
പൊതുദര്‍ശനത്തിന് വെച്ച ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാടി സാദിഖലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എം.ബി രാജേഷ്, കെ കൃഷ്ണന്‍ കുട്ടി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.