ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് നാട്ടുകാരുടെ വകയായുള്ള പിള്ളേര് താലപ്പൊലി ജനുവരി 5ന് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, നിറമാല, അലങ്കാരം എന്നിവയുണ്ടാകും. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12ന് നടയടക്കും. തുടര്‍ന്ന് പുറത്തേക്ക് എഴുന്നള്ളിപ്പ് നടക്കും. ചോറ്റാനിക്കര വിജയന്, ചെര്‍പ്പുളശ്ശേരി ശിവന്, പാഞ്ഞാള്‍ വേലുകുട്ടി, മച്ചാട് ഉണ്ണിനായര്, തിരുവിലാമല ഹരി എന്നിവരുടെ പഞ്ചവാദ്യം അകമ്പടിയാകും. തിരിച്ച് എഴുന്നേല്പ്പിന് പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ മേളവും ഉണ്ടാകും. തുടര്‍ന്ന് നടക്കല്‍ പറയും ഉണ്ടാകും. മഞ്ഞള്‍, അരി, കുങ്കുമം, നെല്ല് തുടങ്ങി വിവിധ ദ്രവ്യങ്ങള്‍ അടങ്ങിയ1008 പറയാണ് ഒരുക്കുക. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും ഉണ്ടാകും.