രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 6.4% മാത്രം! ബജറ്റിൽ ആനുകൂല്യങ്ങൾ കുറയും? മധ്യവർഗത്തിന് അനുകൂലമാകുമോ ബജറ്റ്

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബജറ്റിൽ ആനുകൂല്യങ്ങൾ കുറയുമോ എന്ന ആശങ്കയും ശക്തം. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വെ ചൂണ്ടികാട്ടിയ സ്ഥിതിക്ക് ബജറ്റിൽ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമോ എന്നതും കണ്ടറിയണം. ആനുകൂല്യങ്ങൾ ഉണ്ടാകുമെങ്കിലും വലിയ തോതിലുള്ള ഇളവുകൾക്ക് സാധ്യത കുറവാണെന്നും വിലയിരുത്തലുകളുണ്ട്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കുമ്പോൾ മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റിൽ ഉണ്ടായേക്കും എന്ന് ഉറപ്പാണ്. രാഷ്ട്രപതിയുടെ അഭിസംബോധനയിലും, പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

കൂടുതൽ സമയം ജോലിയെടുക്കണമെന്ന ചില വ്യവസായികളുടെ നിലപാടിനെ പിന്തുണക്കുന്നതാണ് 2025 ലെ സാമ്പത്തിക സർവെ. തൊഴിൽ സമയവും ഓവർടൈമും നിജപ്പെടുത്തുന്ന നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് സർവെ നിർദ്ദേശിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച കുറയുമെന്നും സാമ്പത്തിക സർവെ സൂചിപ്പിക്കുന്നു. തൊഴിൽ നിയമപ്രകാരം ആഴ്ചയിൽ 48 മണിക്കൂറേ ഒരാളെ പണിയെടുപ്പിക്കാവൂ എന്നുണ്ട്. ഫാക്ടറി, ഓവർടൈം നിയമങ്ങളിൽ കൂടുതൽ വേതനം നല്കിയുള്ള അധികസമയം എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓവർടൈം ഉൾപ്പെടുത്തിയാലും ആഴ്ചയിൽ 63 മണിക്കൂറിൽ കൂടുതൽ തൊഴിലെടുപ്പിക്കാൻ പാടില്ല. നല്ല കരാറുകൾ കിട്ടുമ്പോൾ തൊഴിൽ സമയം കൂട്ടി വരുമാനം നേടാൻ നിയമങ്ങൾ സ്ഥാപനങ്ങൾക്ക് തടസ്സമെന്നാണ് സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടുന്നത്.

കൂടുതൽ വേതനം തൊഴിലാളികൾക്ക് കിട്ടാനുള്ള സാഹചര്യവും ഇതിലൂടെ ഇല്ലാതാകുന്നു എന്നാണ് സർവെയിലെ വാദം. നിർമ്മിത ബുദ്ധി തൊഴിലവസരങ്ങളെ ബാധിച്ചേക്കാം എന്നും സർവെ മുന്നറിയിപ്പ് നല്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം ആറരയ്ക്കും എഴിനും ഇടയിൽ വളർച്ച പ്രതീക്ഷിച്ചത് 6.4 ആയി കുറയും. അടുത്ത വർഷം 6.3 നും 6.8 നും ഇടയിലാണ് വളർച്ച പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ ധാന്യ ഉത്പാദനം കൂടി. വിലക്കയറ്റം നിയന്ത്രിച്ച് നിർത്താനായി എന്നും സാമ്പത്തിക സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. ഉത്പാദന രംഗത്തെ ഇടിവാണ് പ്രതീക്ഷിച്ച വളർച്ച നടപ്പു വർഷം ഇല്ലാതിരിക്കാൻ കാരണമെന്നും സർവെ വിശദീകരിക്കുന്നുണ്ട്.

ADVERTISEMENT