പത്തനംതിട്ട തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ച സംഭവത്തിൽ അച്ഛനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തേക്കും. ബാലനീതി നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എംഡിഎംഎ ചെറുകവറുകളിലാക്കി പത്തു വയസുകാരനായ മകന്‍റെ ദേഹത്ത് സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വിൽപ്പന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നു എന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടര്‍ന്ന് സാധരണ നിലയില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാരിലേക്ക് എംഡിഎംഎയടക്കമുള്ള രാസലഹരിയെത്തിക്കുന്നതായിരുന്നു പ്രതിയുടെ രീതി.