ചാവക്കാട് ടൗണില്‍ ലോട്ടറി വില്‍പ്പനക്കാരന്റെ ബാഗ് പിടിച്ചുപറിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ചാവക്കാട് ആലുംപടി പൂക്കോട്ടില്‍ വിപിന്‍, ബ്ലാങ്ങാട് കറുപ്പം വീട്ടില്‍ ശിഹാബുദ്ധിന്‍ എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്തത്. 2024 മെയ് നാലിന് രാത്രി ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവം. ലോട്ടറി വില്‍പ്പന കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന എനാമാക്കല്‍ വൈശ്യംവീട്ടില്‍ കമറുദ്ദിന്റെ കൈവശമുണ്ടായിരുന്ന ബാഗാണ് പ്രതികള്‍ കവര്‍ന്നത്. ബീഡി വലിക്കാന്‍ ലൈറ്റര്‍ ചോദിച്ചെത്തിയ പ്രതികള്‍ കമറുദ്ദിനെ ഉപദ്രവിച്ചശേഷം തൊട്ടടുത്ത് സ്റ്റാര്‍ട്ടുചെയ്ത് നിര്‍ത്തിയിരുന്ന ബൈക്കില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. ചാവക്കാട് ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. എസിപി – ടി.എസ്. സിനോജ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐ ശരത് സോമന്‍, എഎസ്‌ഐ മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.കെ. ഹംദ്, പ്രദീപ്, പ്രശാന്ത്, രജിത്ത്, ശിവപ്രസാദ്, രതീഷ്, റോബര്‍ട്ട് എന്നിവരും ഉണ്ടായിരുന്നു.