മലയാളിയുടെ ഗൃഹാതുര പ്രൗഢിയുടെ കാഴ്ചയാണ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍. മറ്റു മൃഗങ്ങളെപ്പോലെയല്ല, എത്ര കണ്ടാലും മതിവരാത്തതാണ് കരയിലെ ഏറ്റവും വലിയ ജീവികളുടെ കാഴ്ച. എന്നാല്‍ ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവര്‍ഗം കൂടിയാണ് ഇവ. അതിനാലാണ്, ആനകളെ സഹായിക്കുന്നതിനായി ലോകത്തെ ഒന്നിപ്പിക്കുന്നതിനും ആനകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് ആളുകളെയും സംഘടനകളെയും ബോധവത്കരിക്കാനുമായി ഒരു ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്.
12, ഇന്ന് അന്താരാഷ്ട്ര ആന ദിനം. ഈ ഭീമന്‍ മൃഗങ്ങളെ സംരക്ഷിക്കാനും ഇവയുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കിക്കുന്നതിനുമൊക്കെയായി വര്‍ഷം തോറും ഓഗസ്റ്റ് 12ന് അന്താരാഷ്ട്ര ആന ദിനം ആചരിച്ചു വരുന്നു.
ലോക ആന ദിനം: ചരിത്രം ഭൂമിയിലെ ആനകളുടെ സംരക്ഷണത്തിനായി 2011 മുതലാണ് അന്താരാഷ്ട്ര ആന ദിനം ആചരിച്ചു തുടങ്ങിയത്. കനേഡിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ് വെസ്റ്റ് പിക്‌ചേഴ്‌സിലെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്‌ലന്‍ഡിലെ എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ശിവപോണ്‍ ദര്‍ദരാനന്ദ എന്നിവരാണ് 2011ല്‍ ഇതിനു തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം തന്നെ 2012 ഓഗസ്റ്റ് 12 ന് പട്രീഷ്യ സിംസും എലിഫന്റ് റീ ഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷനും ഈ ദിവസം ആന്താരാഷ്ട്ര ആന ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നതിന് ലോകമെമ്പാടുമുള്ള 65 ഓളം വന്യജീവി സംഘടനകളുടെയും നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.