ലൈംഗിക അതിക്രമക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇതുവഴി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ഭയം കാരണം പരാതി നല്കാന് തയ്യാറായിട്ടില്ല. പരാതി നല്കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാൻ കഴിഞ്ഞ ദിവസം അസാധാരണ വാർത്താക്കുറിപ്പിറക്കിയിരുന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പൊലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തതിനും സ്ത്രീകൾക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചതിനും നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ മെസ്സജേുകളയച്ചതിനും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് വാർത്താക്കുറിപ്പിലൂടെ പൊലീസ് അറിയിച്ചത്.
ബിഎൻഎസ് 78(2), ബിഎൻഎസ് 351, കേരള പൊലീസ് ആക്ട് 120 (O) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ പരിശോധിച്ചതിൽ നിന്നും അവ കോഗ്നൈസിബിൾ ഒഫൻസിൽ ഉൾപ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല.
ബിഎൻഎസ് സെക്ഷൻ 78 (സ്ത്രീകളെ പിന്തുടരുക) മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണ്. ആവർത്തിച്ചുള്ള കുറ്റകൃത്യമാണെങ്കിൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും. കേസിൽ ജാമ്യം ലഭിക്കില്ല. ബിഎൻഎസ് സെക്ഷൻ 351 (ഭീഷണിപ്പെടുത്തുക) രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യം ലഭിക്കാവുന്ന കുറ്റം. കേരള പൊലീസ് ആക്ട് 120 (O) (ഭീഷണി സന്ദേശം) ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു യുവതിയെ ഗർഭചിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണങ്ങളുൾപ്പെടെ പുറത്തുവന്നു. രാഹുലിനെതിരെ പാർട്ടിയിലെ നേതാക്കളുൾപ്പെടെ രംഗത്തെത്തിയതോടെ രാജി സമ്മർദമേറി. ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാൽ എംഎൽഎ സ്ഥാനത്ത് തുടരും.