സെപ്റ്റംബര്‍ ഏഴിന് പൂര്‍ണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാം. ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നില്‍ക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂര്‍ണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂര്‍ണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നില്‍ക്കും.രാത്രി 11.41 ഓടെയാകും ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കപ്പെടുക.
എട്ടാം തീയതി അര്‍ദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുന്‌പോള്‍ ചന്ദ്ര ബിംബംത്തിന് മുകളില്‍ നിന്ന് നിഴല്‍ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂര്‍ണമായി അവസാനിക്കും. നഗ്‌ന നേത്രങ്ങള്‍കൊണ്ട് ചന്ദ്രഗ്രഹണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണണമെങ്കില്‍ 2028 ഡിസംബര്‍ 31വരെ കാത്തിരിക്കണം.