ആരാകും ഉപരാഷ്ട്രപതി?; തെരഞ്ഞെടുപ്പ് ഇന്ന്, ശക്തി തെളിയിക്കാൻ ഇൻഡ്യാ സഖ്യം, ജയമുറപ്പിക്കാൻ എൻഡിഎ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എൻഡിഎ-ഇൻഡ്യാ മുന്നണികൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം യോ​ഗം ചേർന്നിരുന്നു. കണക്കുകളിലെ മുൻതൂക്കം അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് എൻഡിഎ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനുള്ള നീക്കമാണ് ഇൻഡ്യാ മുന്നണി നടത്തുന്നത്. ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യം വെയ്ക്കുന്ന ക്രോസ് വോട്ടുകൾക്കുള്ള സാധ്യത കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ക്രോസ് വോട്ടുകൾ ഉണ്ടാകുമോ, അങ്ങനെയെങ്കിൽ അത് എവിടെ നിന്നാണ് ചോർന്നത് തുടങ്ങിയ കാര്യങ്ങൾ മുന്നണികൾ സൂക്ഷ്മമായി നിരീക്ഷിക്കും. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ രഹസ്യ ബാലറ്റ് വഴിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ബിആർഎസും ബിജെഡിയും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ആകെ പോൾ ചെയ്യാൻ സാധ്യതയുള്ള വോട്ട് 770 ആണ്. കണക്കുകൾ പ്രകാരം ഇതിൽ 423 വോട്ട് എൻഡിഎക്കും 322 വോട്ട് ഇൻഡ്യാ സഖ്യത്തിനും ലഭിക്കണം. വിജയസാധ്യതയില്ലെങ്കിലും ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് ലഭിക്കേണ്ട വോട്ടിൽ ഒരു വോട്ട് കുറഞ്ഞാൽ പോലും അത് ഇൻഡ്യാ സഖ്യത്തിന് തിരിച്ചടിയാകും. എല്ലാ അംഗങ്ങളും കൃത്യമായി വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് ചേർന്ന എൻഡിഎ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പിൽ നിന്ന് അകാരണമായി വിട്ടുനിന്നാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ബിജെപി നൽകിയിട്ടുണ്ട്. വോട്ടുകൾ ചോരാതിരിക്കാനുള്ള നീക്കങ്ങൾ ഇൻഡ്യാ സഖ്യവും ഊർജ്ജിതമാക്കിയിട്ടുണ്ട്. 2022-ൽ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്ന ജഗ്ദീപ് ധൻകർ 74.4 ശതമാനം വോട്ട് നേടിയായിരുന്നു വിജയിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ് നേതാവ് കൂടിയായ സി പി രാധാകൃഷ്ണൻ മഹാരാഷ്ട്ര ​ഗവർണറാണ്. തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ​ഗവർണറായിരുന്നു.

2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു. രണ്ട് തവണ കോയമ്പത്തൂരിൽ നിന്ന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ൽ കയർ ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണൻ നാല് വർഷം ആ പദവിയിൽ തുടർന്നു. 2023 ഫെബ്രുവരി 18-ന് ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോ​ഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31നാണ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്.  ഇൻഡ്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കുന്നജസ്റ്റിസ് ബി സുദർശൻ റെഡ്ഡി തെലങ്കാന സ്വദേശിയാണ്. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച സുദർശൻ റെഡ്ഡി 1988ൽ ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായും പിന്നീട് കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും നിയമിക്കപ്പെട്ടു. 1993ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദർശൻ റെഡ്ഡി 2007ലാണ് സുപ്രീംകോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റത്. 2011ൽ വിരമിച്ചു.

ADVERTISEMENT