അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി

ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അതിവേഗം അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ഭേദഗതി വരുത്തിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീര്‍ക്കലാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം.

നിലവിലെ നിയമപ്രകാരം വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിടാന്‍ നടപടിക്രമങ്ങള്‍ ഏറെ. കാട്ടിലേക്ക് തുരത്താനാണ് ഇപ്പോള്‍ മുന്‍ഗണന, അത് പരാജയപ്പെട്ടാല്‍ മാത്രം അവസാന നടപടിയാണ് വെടിവെക്കല്‍. ആറ് അംഗ വിദഗ്ധ സമിതിയുടെ അനുമതി വേണം. അക്രമിച്ച മൃഗത്തെ തന്നെയാണ് വെടിവെക്കാന്‍ പോകുന്നതെന്ന് ഫോട്ടോ സഹിതം ഉറപ്പാക്കണം. കടുവയാണെങ്കില്‍ നരഭോജിയാണെന്ന് വ്യക്തത വരുത്തണം. കേന്ദ്രനിയമത്തില്‍ സംസ്ഥാനത്തിന് ഭേദഗതി നിര്‍ദ്ദേശിക്കാമെങ്കിലും രാഷ്ട്രപതിയുടെ അനുമതി നിര്‍ബന്ധമാണ്. അതിന് മുമ്പ് ഗവര്‍ണ്ണറും അംഗീകരിക്കണം.

ADVERTISEMENT