അതീവ സുരക്ഷാ മേഖലയായ ചാവക്കാട് ലൈറ്റ് ഹൗസിനു മുകളില്‍ കയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ചാവക്കാട് മടപ്പേന്‍ 26 വയസുളള സല്മാന് ഫാരിസാണ് ഗുണ്ട് പൊട്ടിച്ചു
പരിഭ്രാന്തി പരത്തിയത്. വലതു കൈപ്പത്തി തകര്‍ന്ന യുവാവിനെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ മുകളില്‍ കയറിയതായിരുന്നു സല്മാന് ഫാരിസ് ഉള്‍പ്പെടെയുള്ള സംഘം. തുടര്‍ന്ന് ഇവര്‍ ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് ഗുണ്ട് പൊട്ടിക്കുകയായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലായി. ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് പോയിരുന്നു. റീല്‍സ് ചിത്രീകരിക്കാനാണ് സംഘം ഗുണ്ടുമായി ലൈറ്റ്ഹൗസിനു മുകളില്‍ കയറിയതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.