പാലിയേക്കര ടോള്‍ വിലക്ക്; ടോൾ നൽകാതെ ദിവസേന കടന്നുപോകുന്നത് 800ഓളം ബസുകൾ, ഒരു കോടി ലാഭവുമായി കെഎസ്ആർടിസി

പാലിയേക്കരയിലെ ടോൾപിരിവ് വിലക്കിൽ കോടി ലാഭത്തിലേക്ക് കെഎസ്ആർടിസി. ഒക്ടോബർ ആറിന് തുടങ്ങിയ പാലിയേക്കര ടോൾപിരിവ് വിലക്കിന് പിന്നാലെയാണ് കെഎസ്ആർടിസിയുടെ ലാഭം ഒരു കോടിയിലേക്കെത്തുന്നത്.

കെഎസ്ആർടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോൾനിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ ഉയർത്തിയിരുന്നു. ടോൾ നൽകാതെ പ്രതിദിനം ശരാശരി 800 ബസുകൾവീതം ഇതുവഴി കടന്നുപോകാൻ തുടങ്ങിയിട്ട് 50 ദിവസത്തോട് അടുക്കുകയാണ്. പാലിയേക്കര വഴി കടന്നുപോകണമെങ്കിൽ ഒരു ബസിനു മാസം 7310 രൂപ ടോൾ അടയ്ക്കണം. പ്രതിദിനം കടന്നുപോകുന്ന ബസുകളിൽ 20 ശതമാനത്തിൽത്താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോൾഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കിൽ രണ്ടാംപ്രവേശനം മുതൽ പാതിയാണ് ടോൾനിരക്ക്. ഇങ്ങനെ നോക്കുമ്പോൾ 800 ബസ് 7310 രൂപ വീതം ഒരു മാസം ലാഭിക്കുന്നയിനത്തിൽ മാത്രം കെഎസ്ആർടിസിക്ക് 55.5 ലക്ഷം ലാഭമുണ്ട്. ഇത് 50 ദിവസത്തിലേക്കെത്തുമ്പോൾ 90 ലക്ഷത്തിനടുത്തെത്തും.

അതേസമയം പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി ഡിവിഷന്റെ നടപടി.

ADVERTISEMENT