പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിർണായക പ്രഖ്യാപനവും പ്രസംഗവും.
ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസിന്റെ നീക്കം കൂടുതൽ രാജ്യങ്ങൾ ഏറ്റുപിടിക്കുമെന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ബ്രിട്ടൺ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ പലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെയും മാക്രോൺ പ്രശംസിച്ചു.
അതേസമയം പലസ്തീനെ നശിപ്പിക്കുക എന്ന ദൗത്യത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുകയാണ്. എന്നാൽ വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
ഹമാസിനെ ഇല്ലാതാക്കുമെന്നും ലക്ഷ്യം നേടുമെന്നും നെതന്യാഹു കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കും. ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു.
ഇസ്രയേൽ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണ്. ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതിന് ഇസ്രായേലിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.