ആയിരത്തിലേറെ വോട്ട് മോഷ്ടിച്ചും, പൂജ്യം വീട്ടു നമ്പറിലും, പെട്രോള്‍ പമ്പിലും വോട്ട് ചേര്‍ത്തും ചൂണ്ടല്‍ പഞ്ചായത്തില്‍ വോട്ട് കൊള്ള നടത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലാണ് വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ ഇടതു ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളിലായി ആയിര കണക്കിന് വോട്ടിന്റെ മോഷണമാണ് നടത്തിയിട്ടുള്ളതെന്നും വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ പ്രഖ്യാപന പ്രകാരം ഉള്‍പ്പെടെണ്ട വാര്‍ഡുകളിലെ ആയിര കണക്കിന് വോട്ടര്‍മാരെ അന്തിമ വോട്ടര്‍ പട്ടിക പ്രകാരം മറ്റൊരു വാര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വോട്ട് കൊള്ള നടത്തിയിട്ടുള്ളതെന്നും കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാര്‍ വ്യക്തമാക്കി.
വോട്ട് കൊള്ളക്കെതിരെ സെപ്തംബര്‍ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് ചൂണ്ടല്‍ പഞ്ചായത്ത് ഓഫിസിലേക്ക് കോണ്‍ഗ്രസ്സ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ മാര്‍ച്ച് സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍, മണ്ഡലം പ്രസിഡണ്ട് ആര്‍.എം.ബഷീര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.മാധവന്‍,പഞ്ചായത്ത് അംഗങ്ങളായ ആന്റോ പോള്‍, ധനേഷ് ചുള്ളിക്കാട്ടില്‍, എന്‍.ഡി.സജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.