വീടിന് നേരെ കാട്ടാന ആക്രമണം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്കും രണ്ടര വയസുകാരിക്കും ദാരുണാന്ത്യം

തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിക്കും കൊച്ചുമകളായ രണ്ടര വയസുകാരിക്കും ദാരുണാന്ത്യം. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. അസ്‌ല (52), ഹേമശ്രീ (രണ്ടര) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഇവരുടെ വീടിന് നേരെ കാട്ടാന ആക്രമണം ഉണ്ടായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

രണ്ട് കാട്ടാനകളാണ് ഇവരുടെ വീടിന് നേരെ ആക്രമണം നടത്തിയത്. കാട്ടാന ജനല്‍ തകര്‍ത്തതോടെ കുഞ്ഞുമായി അസ്‌ല പുറത്തിറങ്ങി. ഈ സമയം വീടിന് മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്ന കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ അസ്‌ലയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT