ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ ഒന്നാം പ്രതിയുടെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകര്‍ത്ത് പോലീസ് അകത്തു കയറി പരിശോധന നടത്തി. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കര്‍ണ്ണംകോട്ട് ബസാര്‍ മേക്കണ്ടാണത്ത് മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. വ്യാഴാഴ്ച രാത്രി പ്രഗിലേഷിനെ ഫോണില്‍ ബന്ധപെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയശേഷം ആശാരിയെ കൊണ്ടുവന്ന് പൂട്ടു പൊളിച്ചാണ് പോലീസ് അകത്തു കയറിയത്. മുസ്തഫയുടെ സ്ഥലത്തിന്റെ കരം അടച്ച രസീത് അടക്കമുള്ള രേഖകള്‍ പോലീസ് കണ്ടെടുത്തു.



