കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് തുരങ്കം വച്ചു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണിപ്പോൾ. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയർ എം എം വർഗീസ് അല്ല. അദ്ദേഹം എന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ തനിക്കറിയാം. കോർപ്പറേഷനും കോർപ്പറേഷൻ ഇരിക്കുന്ന തൃശൂർ നിയമസഭാ സീറ്റും ബിജെപിക്ക് തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.




