പിഎം ശ്രീ: നടപടികൾ കേരളം മരവിപ്പിച്ചതായി അറിയില്ല;തൽക്കാലം മുന്നോട്ടുപോകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കേരളം മരവിപ്പിച്ചതായി അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കും. വ്യവസ്ഥകളില്‍ ഇളവ് ഒരു സംസ്ഥാനത്തിന് മാത്രമായി നല്‍കണോ എന്നത് പരിശോധിക്കണം. തല്‍ക്കാലം പദ്ധതി നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ടുപോകും. അതിന് എന്തെങ്കിലും തടസ്സം നിലവിലില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതേസമയം, പിഎം ശ്രീയില്‍ നിന്ന് കേരളം പിന്നോട്ടെന്ന വാര്‍ത്തകളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചില്ല.

തമിഴ്‌നാടും പശ്ചിമ ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പിഎം ശ്രീയുമായി മുന്നോട്ടുപോകുകയാണ്. കേരളം ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള സംഭവവികാസങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തല്‍ക്കാലം നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കേരളം രേഖാമൂലം അറിയിക്കുന്ന പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കേരളം കത്ത് നല്‍കിയാല്‍ തന്നെ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്. അത് പ്രായോഗികമല്ലെന്ന കാര്യവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചിപ്പിക്കുന്നു.

ഇന്നലെയായിരുന്നു പിഎം ശ്രീയുടെ തുടര്‍നടപടികള്‍ മരവിപ്പിക്കാനുള്ള നിര്‍ണായ തീരുമാനമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫിന്റെ നിര്‍ണായക യോഗത്തിലായിരുന്നു തീരുമാനം. പിഎം ശ്രീ നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു. ഇതോടെ പിഎം ശ്രീയില്‍ സമവായ തീരുമാനമായി. ഇത് എല്‍ഡിഎഫിന്റെ വിജയമെന്ന് പ്രതികരിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പിന്നാലെ ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. ഇതിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിര്‍ണായ പ്രഖ്യാപനം വന്നു..

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം പരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷന്‍. സിപിഐയുടെ രണ്ട് മന്ത്രിമാര്‍ ഉപസമിതിയിലുണ്ട്. കെ രാജന്‍, പി പ്രസാദ് എന്നിവരാണ് സിപിഐയില്‍ നിന്ന് ഇടംപിടിച്ചവര്‍. പി രാജീവ്, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലെ മറ്റ് അംഗങ്ങള്‍. ഉപസമിതി തീരുമാനമെടുക്കും വരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കങ്ങള്‍. ഇതിന് തൊട്ടുമുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ധാരണാപത്രത്തില്‍ ഒപ്പിട്ട വിവരം വാര്‍ത്തയായതോടെ സിപിഐ ഇടഞ്ഞു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പല ഘട്ടങ്ങളിലും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ബിനോയ് വിശ്വം ഉന്നംവെച്ചു. ഒടുവില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിഷയത്തില്‍ ഇടപെട്ടു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. പിഎം ശ്രീയില്‍ ഒപ്പിട്ട നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്നായിരുന്നു ഡി രാജ പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സിപിഐ എക്സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. അതില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത തീരുമാനമായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതിന് ശേഷമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നതും സമവായത്തില്‍ എത്തിയതും മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചതും.

ADVERTISEMENT