പുതിയ റൂട്ടിന് പുതിയ ബസ് വേണം, പെർമിറ്റിന് 35 ലക്ഷവും; സ്വകാര്യബസ് സംരംഭകരെ പിന്തിരിപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് പുതിയ ബസ് പെർമിറ്റ് കിട്ടണമെങ്കിൽ കുറഞ്ഞത് 35 ലക്ഷംരൂപയെങ്കിലും മുടക്കണം. പുതിയ ബസ്സുള്ളവർക്കുമാത്രമേ അപേക്ഷിക്കാനാകൂ. കഴിഞ്ഞമാസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. ലക്ഷങ്ങൾ മുടക്കി ഇത്തരമൊരു പരീക്ഷണത്തിന് ആരും സന്നദ്ധരായിട്ടില്ല.

പുതിയ പാതയിൽ നിശ്ചിതദിവസം ബസ് ഓടിച്ചാൽമാത്രമേ ലാഭനഷ്ടം വിലയിരുത്താനാകൂ. ആവശ്യത്തിന് യാത്രക്കാരില്ലെങ്കിൽ റൂട്ട് ഉപേക്ഷിക്കേണ്ടിവരും. കോവിഡിനുശേഷം തകർന്ന പൊതുഗതാഗതമേഖല ശാക്തീകരിക്കാൻ ഗതാഗതവകുപ്പ് കണ്ടെത്തിയ 508 പുതിയ പാതകളിൽ സ്വകാര്യസംരംഭകർ താത്പര്യം കാണിക്കാത്തതും പുതിയ ബസ് വേണമെന്ന നിബന്ധന കാരണമാണ്. കാലാവധി കഴിഞ്ഞതിനെത്തുടർന്ന് പൊളിക്കേണ്ട 1100 ബസുകൾ ഓടിക്കാൻ കെഎസ്ആർടിസിക്ക് പ്രത്യേകാനുമതി നൽകിയ സർക്കാരാണ് സ്വകാര്യസംരംഭകർക്കുമുന്നിൽ കടുത്ത നിബന്ധന വെച്ചത്.

അതേസമയം, നിലവിലുള്ള പെർമിറ്റുകളിൽ 22 വർഷം പഴക്കമുള്ള ബസുകൾവരെ ഓടിക്കാൻ അനുമതിയുണ്ട്. 140 മണ്ഡലങ്ങളിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നടത്തിയ ജനകീയസദസ്സുകളിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് പുതിയ റൂട്ടുകൾ തയ്യാറാക്കിയത്. റോഡ് നികുതി, ഇൻഷുറൻസ്, ജീവനക്കാരുടെ ശമ്പളം, ക്ഷേമനിധി, ഡീസൽ ചെലവ്, അറ്റകുറ്റപ്പണി എന്നിവ താങ്ങാനാകാത്തതിനാൽ നിലവിലുള്ള ബസ് ഉടമകൾതന്നെ പിൻവാങ്ങുന്ന സ്ഥിതിയാണ്.

2013-ൽ സംസ്ഥാനത്ത് 15,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ കുറഞ്ഞ് 8000-ൽ താഴെയായി. പ്രതികൂലസാഹചര്യത്തിൽ പുതിയ ബസ് വാങ്ങുക പ്രായോഗികമല്ലാത്തതിനാൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഉപേക്ഷിക്കുന്ന ബസുകൾ വാങ്ങി പുതുക്കിപ്പണിതാണ് ഇവിടെ ഉപയോഗിക്കുന്നത്.
ബസുകളുടെ പരമാവധി ഉപയോഗ കാലാവധി ഏഴുവർഷമായ രാജസ്ഥാനിൽനിന്നാണ് കൂടുതൽ പഴയ ബസുകൾ സംസ്ഥാനത്തേക്കു വരുന്നത്. ഇവയ്ക്ക് 12-15 ലക്ഷംരൂപ മുടക്കി പുതിയ ബോഡി നിർമിച്ച് റോഡിലിറക്കും. ഇതുവഴിയാണ് സ്വകാര്യമേഖല കുറേയൊക്കെ പിടിച്ചുനിൽക്കുന്നത്.

ADVERTISEMENT