കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരിലെ വ്യാപാരിയായ മുസ്തഫ ആത്മഹത്യചെയ്ത കേസിലെ പ്രതി പ്രഗിലേഷിനെ ഗുരുവായൂരില്‍ എത്തിച്ചു. ഒളിവില്‍ പോയ പ്രഗിലേഷിനെ മുംബൈയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഗുരുവായൂരില്‍ എത്തിച്ച പ്രതിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സീനിയര്‍ സി.പി.ഒ.-വി.എല്‍. സന്ദീഷ്‌കുമാര്‍ , എ.എസ്.ഐ.-കെ.ഷാജന്‍, കെ.കൃഷ്ണപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് മുംബൈയില്‍ നിന്നും പ്രതിയെ കണ്ടെത്തിയത്. ഒരാഴ്ചത്തെ പരിശ്രമം കൊണ്ടാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്ന് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഒക്ടോബര്‍ 10നാണ് വ്യാപാരിയായ മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും ഉണ്ടായിരുന്നു.



