ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി

ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി. സി. പ്രേമാനന്ദന്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ക്ഷേത്രവും പരിസരവും ബോംബ് ഡിറ്റക്ഷന്‍സ് സ്‌ക്വാഡിന്റെ നിയന്ത്രണത്തിലാക്കി. പോലീസ് ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. രാജ്യ തലസ്ഥാനത്തെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗുരുവായൂരിലും സുരക്ഷ കര്‍ശനമാക്കാന്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി മുഴുവന്‍ മഞ്ജുളാല്‍ പരിസരത്തും തൈക്കാട് ജംഗ്ഷനിലും പോലീസ് വാഹന പരിശോധന നടത്തി. ക്ഷേത്രത്തിനകത്തും പുറത്തും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. ഏകാദശി വിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ അഭുതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പരിശോധന നടത്തുന്നത്. ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും ഒറ്റപ്പെട്ടു കാണുന്ന ഭക്തരുടെ ബാഗുകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

ADVERTISEMENT