വാതിലിന്റെ ഇരുമ്പഴിക്കുള്ളില്‍ മണിക്കൂറുകളോളം തല കുടുങ്ങി കിടന്ന് മരണത്തോട് മല്ലിട്ട തെരുവുനായകുട്ടിയെ
രക്ഷപ്പെടുത്തി. ഗുരുവായൂര്‍ പാലയൂര്‍ മോസ്‌കോ നഗറില്‍ കാരക്കായില്‍ ആസിഫിന്റെ വീട്ടുവളപ്പിലെ വാതിലിലാണ് നായക്കുട്ടി കുടുങ്ങിയത്. ഇന്നലെ രാത്രി കരച്ചില്‍ കേട്ട് എത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. ഏറെനേരം പാടുപെട്ടിട്ടും നായക്കുട്ടിയെ രക്ഷപ്പെടുത്താനായില്ല. വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കിയെങ്കിലും നായക്കുട്ടി കഴിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം രാവിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എത്തി കമ്പി മുറിച്ചുമാറ്റിയാണ് നായ കുട്ടിയെ രക്ഷപ്പെടുത്തിയത്.



