മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ച് ഗുരുവായൂര്‍ നഗരസഭ

ഗുരുവായൂര്‍ നഗരസഭയിലെ പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള ജൈവമാലിന്യം ഇനി നഗരത്തിന് നറുമണം ചൊരിയും. ഹരിതചട്ടം പാലിച്ച് വ്യത്യസ്തമാര്‍ന്ന മാര്‍ഗത്തിലൂടെ മാലിന്യ സംസ്‌കരണ രംഗത്ത് വീണ്ടും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഗുരുവായൂര്‍ നഗരസഭ ഈ തെരഞ്ഞെടുപ്പില്‍ കാഴ്ച വച്ചത്. ഇത്തവണ ഗുരുവായൂര്‍ നഗരസഭയുടെ 46 വാര്‍ഡുകളിലെ 70 പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള ജൈവമാലിന്യവും ശേഖരിക്കാനായി ഇനോക്കുലം നിറച്ച ചെടിച്ചട്ടി കരുതിയിരുന്നു. അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിരുന്നു. ചെടിച്ചട്ടിയില്‍ ശേഖരിച്ച മാലിന്യത്തിനു മുകളില്‍ മണ്ണ് നിറച്ച പൂച്ചെടികള്‍ നട്ടുപിടിപ്പിക്കും. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഇടങ്ങളിലായി ഈ പൂച്ചട്ടികള്‍ സ്ഥാപിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ഹര്‍ഷിദ് പറഞ്ഞു.

ADVERTISEMENT