റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കഴുത്തറപ്പൻ താരിഫുകൾ ചുമത്താൻ അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്‌സി ഗ്രഹാം ആണ് വെളിപ്പെടുത്തിയത്. ഇതിനിടെ ഉപരോധങ്ങൾ വകവെയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ താരിഫ് നിർദേശിക്കുന്നതാണ് ബിൽ എന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പബ്ലിക്കൻ സെനേറ്റർ ആയ ലിൻഡ്‌സി ഗ്രഹാം ആണ് ബില്ലിന് ട്രംപിന്റെ അനുമതി ലഭിച്ചതായി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘പ്രസിഡന്റ് ട്രംപുമായി വിവിധ വിഷയങ്ങളിൽ നടന്ന വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, റഷ്യൻ ഉപരോധ ബില്ലിന് അദ്ദേഹം പച്ചക്കൊടി കാണിച്ചു. സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യുന്നതിനാലും പുടിൻ നിരപരാധികളെ കൊല്ലുന്നത് തുടരുന്നതിനാലും ഈ ബിൽ സമയബന്ധിതമായിരിക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി, യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുന്നതായിരിക്കും ഈ ബിൽ. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ തീരുമാനം കൈകൊള്ളുന്നതിന് യുഎസിന് കൂടുതൽ അധികാരം നൽകുന്നതാകും ബിൽ. അടുത്തയാഴ്ച വോട്ടിങ് നടക്കും’; എന്നാണ് ലിൻഡ്‌സി ഗ്രഹാം പറഞ്ഞത്.
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്കെതിരെയടക്കം ട്രംപ് ഭീഷണി തുടരുകയാണ്. ഈ സമയത്താണ് പുതിയ ബില്ലിന് ട്രംപ് അനുമതി നൽകുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. താന്‍ സന്തോഷവാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.
‘എന്നെ സന്തോഷിപ്പിക്കുകയാണ് ഇന്ത്യയുടെ ആഗ്രഹം. മോദി വളരെ നല്ല മനുഷ്യനാണ്. വിഷയത്തില്‍ ഞാന്‍ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. വളരെ വേഗത്തില്‍ തന്നെ ഇന്ത്യയിലേക്കുള്ള താരിഫ് നമുക്ക് ഉയര്‍ത്താന്‍ സാധിക്കും’, ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്.
എന്നാല്‍ അമേരിക്കയുടെ പുതിയ ഭീഷണിയില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. നിലവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ 25 ശതമാനം പിഴച്ചുങ്കം ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ് നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു.



