സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം. മൈസൂരുവിൽ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മോട്ടോർവാഹന വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയതായും കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.
ഡ്രൈവർ ടെസ്റ്റ് മാനദണ്ഡങ്ങള്‍ കർശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഏജൻറുമാർ മുഖേന ലൈസൻസ് തരപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാൽ, ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ, കർണാടകയിൽ പോകാതെ ലൈസൻസ് തരപ്പെടുത്തുന്ന മാഫിയ സംസ്ഥാനത്ത് സജിവമാവുകയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറെന്നയാള്‍ക്ക് മൈസൂരു വെസ്റ്റ് ആർടിഒ കഴിഞ്ഞ വർഷം ഡിസംബർ 20ന് മൈസൂരിലുള്ള ഒരു വിലാസത്തിൽ ലൈസൻസ് ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, 1970ൽ ജനിച്ചുവെന്ന രേഖകളിലുള്ള മുഹമ്മദ് ബഷീറിന്റെ ഡ്രൈവിങ് ലൈസൻസിലുള്ളത് ഒരു യുവാവിന്റെ ചിത്രമാണ്. ഇതേ മുഹമ്മദ് ബഷീർ വിലാസവും ഒപ്പും മാറ്റാനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ ദിവസങ്ങള്‍ക്കകം അപേക്ഷ നൽകി. ഡിസംബർ 28ന് തിരൂരങ്ങാടിയിൽ നിന്നും മലപ്പുറത്തെ വിലാസത്തിൽ പുതിയ ചിത്രവും ഒപ്പമുള്ള പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. ഇതേ മുഹമ്മദ് ബഷീർ ലൈസൻസിനായി സമർപ്പിച്ച ആധാറുകളെ കുറിച്ചും അന്വേഷിച്ചു.
രണ്ട് പേരുടെ ചിത്രങ്ങള്‍ പതിച്ച മൈസൂരിലും മലപ്പുറത്തും വിലാസമുള്ള ആധാറുകള്‍ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ സമാനമായ തട്ടിപ്പുകളും കണ്ടെത്തി. മൈസൂരു വിലാസത്തിൽ മറ്റൊരു ചിത്രം വച്ച് ഡ്രൈവിംഗ് ലൈസൻസും തിരൂരങ്ങാടിയിൽ വിലാസം മാറ്റാനുള്ള അപേക്ഷയുടെ മറവിൽ ഫോട്ടോയും വിലാസവും ഒപ്പും എല്ലാം മാറ്റി കേരളത്തിലെ വിലാസത്തിൽ പുതിയ ലൈസൻസും നൽകുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്. കേരളത്തിലും മൈസൂരിലുമുള്ള ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നുള്ള വൻ തട്ടിപ്പാണിത്. ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുത്താത്ത ഒരാളുടെ പേരിൽ എങ്ങനെ മൈസൂരിൽ ലൈസൻസ് നൽകുമെന്നും രണ്ട് ചിത്രങ്ങള്‍ കണ്മുന്നിലുള്ളപ്പോള് തിരൂരങ്ങാടിയിലെ എംവിഡി ഉദ്യോഗസ്ഥർ എങ്ങനെ പുതിയ ലൈസൻസ് നൽകുമെന്നമടക്കം നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. അതേസമയം, തട്ടിപ്പുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര വിജിലൻസ് അന്വേഷണം തുടങ്ങിയെന്നും ഗതാഗത കമ്മീഷണർ വി.എച്ച് നാഗരാജു പറഞ്ഞു.



