77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ.
പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രതയാണ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലെക്കർ അഭിവാദ്യം സ്വീകരിക്കും. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പരേഡിൽ അണിനിരക്കും. ഇതാദ്യമായി സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുളള 40 വിദ്യാർത്ഥികളാണ് എൻഎസ്എസിനായി പരേഡിൽ പങ്കെടുക്കുക



