നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാൻ ഇനി 7 നാൾ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. കളം പിടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് മൂന്ന് മുന്നണികളും. തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ. ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ ചേർന്ന് കൊച്ചിയിലെ ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. നിലവിൽ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാവുക എന്നതാണ് ആകാംക്ഷ.
അതേസമയം, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. പിന്നീട് കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രിയങ്ക പങ്കെടുക്കും. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. സിപിഎം-ബിജെപി ഡീൽ, ശബരിമല സ്വർണ്ണകൊള്ള അടക്കമുള്ള വിഷയങ്ങൾ പ്രിയങ്കാ ഗാന്ധി പൊതുസമ്മേളനങ്ങളിൽ ഉന്നയിച്ചേക്കും. വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ കൂടുതൽ താരപ്രചാരകർ കേരളത്തിൽ എത്തും. കോഴിക്കോട് ജില്ലയിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രചാരണം.



