കുടകില്‍ കാണാതായ ശരണ്യക്ക് വേണ്ടി ഇടപെട്ട് മുഖ്യമന്ത്രി; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു

കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനിയും കൊച്ചിയില്‍ ഐടി കമ്പനി ജീവനക്കാരിയുമായ ജി എസ് ശരണ്യക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരണ്യയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു.

അതിനിടെ ശരണ്യയുടെ വീട്ടുകാരുമായി സംസാരിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരുമായും സംസാരിച്ചു. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടന്നുവരികാണ്. കര്‍ണാടക സര്‍ക്കാര്‍ നൂറംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. എങ്ങനെയും ശരണ്യയെ കണ്ടെത്താനാണ് ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നേരത്തേ ശരണ്യയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായും കെ സി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. മൂന്ന് ദിവസമായി വ്യാപക പരിശോധന നടത്തിവരികയാണ്. എന്നാല്‍ ശരണ്യയെ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ല.

സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. കുടകിലെ ഒരു ഹോം സ്‌റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്‌റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്‌റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്‌ക്കൊപ്പം ഒന്‍പത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.

ADVERTISEMENT