നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 7 ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രില്‍ 9 വ്യാഴാഴ്ച വൈകുന്നേരം ആറുവരെ സംസ്ഥാനത്ത് മദ്യവില്‍പ്പന പൂര്‍ണ്ണമായും തടഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് തന്നെ ഈ ഉത്തരവ് നിലവില്‍ വരും. കൂടാതെ വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് പ്രവൃത്തിദിനമായിരിക്കില്ല.
ബിവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലാത്തരം മദ്യവില്‍പ്പന ശാലകള്‍ക്കും ഈ നിരോധനം ബാധകമാണ്. നിശ്ചിത ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നതോ ഉപയോഗിക്കുന്നതോ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായി വന്നാല്‍ ആ മേഖലകളില്‍ ആ ദിവസം പ്രത്യേകമായി ഡ്രൈ ഡേ ബാധകമായിരിക്കും.
വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ പോലീസ്-എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും എക്‌സൈസ് നിയമങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.



