28.1 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കേച്ചേരി അക്കിക്കാവ് ബൈപാസില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കേച്ചേരി അക്കിക്കാവ് ബൈപാസില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കേച്ചേരിഅക്കിക്കാവ് ബൈപാസില്‍ ഇയ്യാല്‍ സെന്ററിനു സമീപം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരുചക്ര വാഹന യാത്രികനായ
ചാലിശ്ശേരി സ്വദേശിക്ക് ഗുരുതര പരിക്ക്. ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കേച്ചേരി-അക്കിക്കാവ് ബൈപ്പാസിലെ എയ്യാല്‍ ചെമ്മന്തിട്ട ഇറക്കത്തില്‍ മൂന്ന് കാറുകളും ഒരു ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശിയായ വരുണിനാണ് (28) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. കേച്ചേരി ഭാഗത്തുനിന്നും അക്കിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറില്‍ ഇടിച്ചതോടെയാണ് അപകട പരമ്പരയ്ക്ക് തുടക്കമിട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട രണ്ടാമത്തെ കാര്‍ സമീപത്തെ മതിലില്‍ പോയി ഇടിച്ചു.

ഇതിനിടെ അപകടമുണ്ടാക്കിയ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന മൂന്നാമതൊരു കാറിലും കൂടി ശക്തമായി ഇടിക്കുകയായിരുന്നു. ഈ സമയത്താണ് കാറുകള്‍ക്ക് പുറകിലായി, വരുണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ട കാറിന്റെ പിന്‍ഭാഗത്ത് ഇടിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ കാനയിലേക്ക് മറിയുകയും വരുണ്‍ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. റോഡില്‍ വീണ് പരിക്കേറ്റ വരുണിനെ ഉടന്‍ തന്നെ സ്ഥലത്തെത്തിയ അല്‍ അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഉള്‍പ്പെട്ട കാറുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരു കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്, മറ്റ് രണ്ട് കാറുകള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഏരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ADVERTISEMENT
error: Content is protected !!