27.4 C
Kunnamkulam
Thursday, July 30, 2026
Home CCTV Desk ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം; ‘അങ്ങനെയൊരു നീക്കവും സര്‍ക്കാരിന്റെ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം; ‘അങ്ങനെയൊരു നീക്കവും സര്‍ക്കാരിന്റെ പരിഗണനയിലില്ല

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ യാതൊരു നീക്കവും സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. ജനങ്ങളില്‍ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാന്‍ ബോധപൂര്‍വം പടച്ചുവിട്ട തെറ്റായ വാര്‍ത്തകളാണിതെന്ന് മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

പ്രചാരണത്തിന് പിന്നില്‍ കൊട്ടക് റിപ്പോര്‍ട്ട്

നിലവില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ 29 ന് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കൂടിയേക്കുമെന്ന് ‘കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്’ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് വലിയ ചര്‍ച്ചയായത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയ സാഹചര്യം കണക്കിലെടുത്ത്, ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ധന ഉണ്ടായേക്കാം എന്നായിരുന്നു ഈ റിപ്പോര്‍ട്ടിലെ നിഗമനം. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചത്.

വിലക്കയറ്റം തടയാന്‍ നടപടി

കഴിഞ്ഞ നാല് വര്‍ഷമായി ഇന്ധനവില വര്‍ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ആഘാതം സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ എണ്ണ കമ്പനികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയില്‍ ലിറ്ററിന് 10 രൂപ വീതം കുറവ് വരുത്തിയിരുന്നു.

ആഗോള സാഹചര്യം

യുഎസ്, ഇസ്രയേല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസാഹചര്യവും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സങ്ങളുമാണ് ആഗോളതലത്തില്‍ എണ്ണവില ഉയരാന്‍ കാരണം. പ്രധാന ഊര്‍ജ്ജ വിതരണ പാതയായ ഹോര്‍മുസില്‍ സൈനിക ഇടപെടലുകള്‍ ഉണ്ടായത് വിപണിയെ ബാധിച്ചിട്ടുണ്ട്.

ഇന്ധന സ്റ്റോക്ക് സുരക്ഷിതം

വിലക്കയറ്റ ഭീതി വേണ്ടതില്ലെന്നും രാജ്യത്ത് ആവശ്യമായ പെട്രോള്‍, ഡീസല്‍ ശേഖരം ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ റിഫൈനറികളെല്ലാം പൂര്‍ണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, വ്യവസായ മേഖലകളിലേക്ക് ആവശ്യമായ ഗ്യാസ് സ്ട്രീമുകള്‍ കൃത്യമായി ലഭ്യമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!