മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ഞൂര്‍ സ്വദേശികളായ മുട്ടില്‍ വീട്ടില്‍ ജിതിന്‍ രവീന്ദ്രന്‍(30), മങ്കട വീട്ടില്‍ രാഹുല്‍(27), കോരങ്ങാട്ട് മൃദുല്‍(28) എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് പഞ്ചാരമുക്ക് തച്ചപ്പുള്ളി നിധി ലിമിറ്റഡില്‍ പ്രതികള്‍ എത്തി ഒന്നേകാല്‍ പവന്‍ തൂക്കമുള്ള വള പണയം വെച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 916 ഹോള്‍മാര്‍ക്ക് സീലോടുകൂടിയ സ്വര്‍ണ്ണമാണെന്ന് പറഞ്ഞാണ് ഇവര്‍ സ്ഥാപനത്തിലെത്തിയത്. സംശയം തോന്നിയ സ്ഥാപന ഉടമ മനോജ് തച്ചപ്പുള്ളി സ്വര്‍ണം പരിശോധിച്ചപ്പോള്‍ അപാകത കണ്ടെത്തി. തുടര്‍ന്ന് തട്ടിപ്പ് ശ്രമമാണെന്ന് മനസ്സിലാക്കിയ മനോജ് യുവാക്കളെ സ്ഥാപനത്തിനുള്ളില്‍ തടഞ്ഞുവെച്ച് അകത്തുനിന്ന് വാതില്‍ പൂട്ടി ചാവക്കാട് പോലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് സ്വര്‍ണം വ്യാജമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.



