ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍, കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടി ആരംഭിച്ചു. ജനുവരി 10നാണ് ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ ഇബ്രാഹിം – മുഹ്‌സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍, തൃശ്ശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാര്‍ച്ച് 20ന് മുഹ്‌സിനയും മരണപ്പെട്ടിരുന്നു. ഭര്‍ത്താവ് മതിയായ ചികിത്സ നല്‍കാതെയാണ് യുവതി മരണപ്പെട്ടതെന്ന കുടംബം പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കെയാണ് ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ അപേക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവിട്ടത്. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്ന എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് പോസ്റ്റ് മോര്‍ട്ടം നടക്കുന്നത്.



