ഗുരുവായൂര്‍ മമ്മിയൂര്‍ ഷിര്‍ദ്ദി സായി മന്ദിരത്തില്‍ നവശക്തി മഹായജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. 27 ഹോമകുണ്ഡങ്ങളിലായി 108 സാധകര്‍ ഒരേസമയം പങ്കെടുത്ത ദുര്‍ഗാസപ്തശതി ഹോമം പ്രധാന ആകര്‍ഷണമായി. വേദമന്ത്രധ്വനികളും ദേവീസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന യജ്ഞത്തിന് നന്ദകുമാര്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ആത്മീയസാംസ്കാരിക മഹോത്സവത്തിന്റെ ഉദ്ഘാടനം വിജി തമ്പി നിര്‍വഹിച്ചു. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ മുഖ്യാതിഥിയായിരുന്നു. മൗനയോഗി സ്വാമി ഹരിനാരായണന് അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു നാരായണന്, ട്രസ്റ്റീ സബിത രഞ്ജിത്, എക്സിക്യൂട്ടീവ് ട്രസ്റ്റീ അരുണ്‍ നമ്പ്യാര്‍, അഡ്വ: രവി ചങ്കത്ത് എന്നിവര്‍ സംസാരിച്ചു.



