ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്നു പരാതി. പ്രസവത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിനുള്ളില്‍ പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്നാണ് ആരോപണം. കടപ്പുറം മുനക്കക്കടവ് സ്വദേശി മുഹമ്മദ് ഷാഹിറിന്റെ ഭാര്യ ഫാത്തിമത്തുല്‍ ഷറഫിയയാണ് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 18 നാണ് 21 കാരിയായ ഫാത്തിമത്തുല്‍ ഷറഫിയക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സാധാരണ പ്രസവം നടന്നത്. പ്രസവാനന്തരം അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന്, പഞ്ഞി ഉള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു എന്നാണ് ആരോപണം. തുടര്‍ന്ന് ദിവസങ്ങളോളം കടുത്ത വേദനയും ദുര്‍ഗന്ധവും, കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച യുവതി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും, പഴുപ്പിനുള്ള മരുന്ന് നല്കി തിരിച്ചയക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. കൃത്യമായി പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഏകദേശം 43 ദിവസത്തോളം ശരീരത്തിനുള്ളില്‍ പഞ്ഞിയുമായി കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ഒടുവില്‍ സ്വകാര്യ ഡോക്ടറെ കണ്ട് സ്കാന്‍ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളില്‍ പഞ്ഞി കിടക്കുന്നതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ എത്തിയാണ് ഇത് പുറത്തെടുത്തത്.



