ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികളും അറ്റകുറ്റപണിയും സംബന്ധിച്ച് എന്‍ കെ അക്ബര്‍ എം എല്‍ എയുടെ അധ്യക്ഷതിയില്‍ അവലോകന യോഗം ചേര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രും വേഗം പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. ചേറ്റുവ സ്‌ക്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി എല്‍.എസ്.ജി.ഡി അസി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഏങ്ങണ്ടിയൂര് പഞ്ചായത്തിലെ കോട്ടക്കടപ്പുറം സ്‌ക്കൂളിലെ പഴയ കെട്ടിടം പൊളിച്ച് നീക്കം ചെയ്തതായും പുതിയ കെട്ടിട നിര്മ്മാണത്തിനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചതായും പി.ഡബ്ലിയു.ഡി അസി.എഞ്ചിനീയര്‍ അറിയിച്ചു. കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ഗവ.എല്‍.പി സ്‌ക്കൂളിന്റെ മുകള്‍നിലയിലെ കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ മെയ് 30 നകം പൂര്‍ത്തീകരിക്കുന്നതിന് പി.ഡബ്ലിയു.ഡി കെട്ടിടവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. ചാവക്കാട് മണത്തല സ്‌ക്കൂളിന്റെ കെട്ടിട നിര്‍മ്മാണം ജൂണ്‍ രണ്ടാംവാരത്തില്‍ പുനരാരംഭിക്കുമെന്ന് നിര്‍വാഹണ ഏജന്‍സിയായ കിറ്റ്‌ക്കോ യോഗത്തെ അറിയിച്ചു.