അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടി ശ്വേതാ മേനോന്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോന് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി 1.45ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. സാമ്പത്തിക ലാഭത്തിനായി ശ്വേതാ മേനോന് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന് കാണിച്ച് മാര്ട്ടിന് മെനാച്ചേരി എന്നയാളാണ് പരാതിയുമായി സിജെഎം കോടതിയെ സമീപിച്ചത്. ശ്വേത അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരന് അശ്ലീലരംഗങ്ങളായി പരാതിയില്‍ ഉന്നയിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ശ്വേതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമായിരുന്നു കേസെടുത്തത്. സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എംഎം.എയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്വേതാ മേനോന് മത്സരിക്കുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ ശ്വേതയ്ക്കെതിരെ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ ഗൂഢനീക്കമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്വേതയ്ക്കെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതായാണ് പരാതിക്കാരന് മാര്ട്ടിന് മെനാച്ചേരി പറയുന്നത്. എന്നാല്‍ അന്ന് സെന്‍ട്രല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞിരുന്നു.