ഗുരുവായൂര്‍ മമ്മിയൂരില്‍ ആംബുലന്‍സ് ഓട്ടോറിക്ഷയിലിടിച്ച് അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്കേറ്റു. കേച്ചേരി തെരുവത്ത് വീട്ടില്‍ ഷക്കീര്‍, ഭാര്യ ഷംല, മക്കളായ ഫിര്‍ദൗസ്, അഫ്‌ല, തസ്ലീമ, മുബാറക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മമ്മിയൂര്‍ എല്‍.എഫ് കോളേജിനടുത്തെ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍നിന്ന് രോഗിയെ എടുക്കാനായി പോയിരുന്ന കോട്ടപ്പടി ലൈഫ് കെയറിന്റെ ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് സമീപത്തെ മതില്‍ തകര്‍ന്നു. പേനത്ത് ഷാജിയുടെ മതിലാണ് തകര്‍ന്നത്. പരിക്കേറ്റവരെ ആദ്യം മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഫ്‌ലയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.