സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശമാര്‍; നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്.

 

ഫെബ്രുവരി പത്തിനായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21,000 ആയി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് പടിക്കല്‍ ആരംഭിച്ച സമരം നാല്‍പതാം ദിവസത്തിലേയ്ക്ക് കടന്നു. എന്‍എച്ച്ആര്‍ ഡയറക്ടറും ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള സമരം പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ആശ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്. ഇന്നലെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ കെ രമ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ സമരപന്തലില്‍ എത്തിയിരുന്നു. ഇന്ന് കൂടുതല്‍ പേര്‍ സമരപന്തലില്‍ എത്തുമെന്നാണ് സൂചന.

അതിനിടെ ഡല്‍ഹി യാത്രയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. തന്റെ ഡല്‍ഹി യാത്രയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഒരു മാധ്യമത്തോടും താന്‍ സംസാരിച്ചിട്ടില്ലെന്നും ആരും തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ‘ഒരാഴ്ചക്കുള്ളില്‍’ കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കാണും എന്നാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറഞ്ഞത്. ഡല്‍ഹിയില്‍വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും കേന്ദ്രമന്ത്രിയുടെ സൗകര്യം അനുസരിച്ച് വീണ്ടും കാണാന്‍ ശ്രമിക്കും എന്നാണ് വ്യക്തമാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.

ആശമാരുടെ വിഷയത്തില്‍ ആദ്യമായല്ല താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ആറ് മാസം മുന്‍പ് താന്‍ കേന്ദ്ര മന്ത്രിയെ കണ്ടപ്പോള്‍ ആശമാരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഒരു കേന്ദ്ര സ്‌കീമിലെ പ്രവര്‍ത്തകര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ ഒരു സംസ്ഥാന മന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്രമന്ത്രിയെ കാണാന്‍ അനുവാദം തേടുന്നതാണോ തെറ്റ്? അതോ അത് നല്‍കാതിരിക്കുന്നതാണോ എന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ADVERTISEMENT