നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തില്‍ തയ്യൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത ചെമ്പൂത്രയില്‍ നിര്‍ത്തിയിട്ട മിനി ലോറിക്ക് പുറകില്‍ ഓട്ടോറിക്ഷ ഇടിച്ചു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തയ്യൂര്‍ സ്വദേശി കൊള്ളന്നൂര്‍ തറയില്‍ വീട്ടില്‍ ടോണിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. പട്ടിക്കാട് ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ, പഞ്ചറായ ടയര്‍ മാറ്റുന്നതിനായി നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ലോറിയുടെ അടിയില്‍ അകപ്പെട്ടു. ഡ്രൈവറെ ഓട്ടോറിക്ഷയില്‍ നിന്നും പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്ത് എടുത്തത്. ഒരു മണിക്കൂറോളം ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നു. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പീച്ചിയില്‍ പത്രക്കെട്ടുകള്‍ ഇറക്കി ടോണി തിരിച്ച് തൃശ്ശൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ADVERTISEMENT