അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്ക്കരണത്തിനെതിരെ ഗുരുവായൂരില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഗുരുവായൂര്‍ കൈരളി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഫയര്‍ സ്റ്റേഷന് സമീപത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമാപനം ബിഎംഎസ് മേഖല പ്രസിഡണ്ട് കെ. എ. ജയതിലകന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡണ്ട് സി.ആര്. മനോജ് അധ്യക്ഷത വഹിച്ചു. ഔട്ടര്‍ റിംഗ് റോഡിലെ വണ്‍വേ സിസ്റ്റത്തില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി സതീശന് സ്വാഗതവും എഐടിയുസി സെക്രട്ടറി നിഖില്‍ പ്രസാദ് നന്ദിയും പറഞ്ഞു. കെ.വിജയന്, ടി. എ.രാധാകൃഷ്ണന്, മണിദാസ്, കൃഷ്ണകുമാര്‍, സന്തോഷ് വെള്ളറക്കാട്, എം. വി. വിജീഷ്, കെ. ബി. മധുസുധനന്, ടി.കെ. സുധീര്‍ എന്നിവര്‍ നേതൃത്വം നല്കി.