ചേറ്റുവ അഴിമുഖത്ത് കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം കൂരിക്കുഴി നെച്ചിപ്പറമ്പില്‍ അഷ്റഫിന്റെ മകന്‍ 18 വയസുള്ള അന്‍സിലിന്റെ മൃതദേഹമാണ് അഴീക്കോട് കടലില്‍ കണ്ടത്. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബുധനാഴ്ച വൈകിട്ട് വലപ്പാട് കഴിമ്പ്രം സ്വദേശി രാജുവിന്റെ ശ്രീമഹാസേനന്‍ വള്ളത്തിന്റെ കാരിയര്‍വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും മറിഞ്ഞ വള്ളത്തില്‍ പിടിച്ചുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ശക്തമായ തിരയടിച്ച് മൂന്നുപേരും കടലിലേക്ക് തെറിച്ചുവീണു. ഇതോടെ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ അന്‍സിലിനെ കാണാതാവുകയായിരുന്നു.