കോട്ടപ്പടിയില്‍ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ചതായി പരാതി

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ചതായി പരാതി. കോട്ടപ്പടി രായംമരക്കാര്‍ വീട്ടില്‍ നൗഷാദിന്റെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന പോത്തിനെയാണ് രാത്രിയില്‍ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. കോട്ടപ്പടിയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു ആറ് പോത്തുകളെ രാത്രിയില്‍ കെട്ടിയിരുന്നത്. രാവിലെ നോക്കിയപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു പോത്തിനെ കാണാനില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്. പറമ്പിലേക്കുള്ള ഗേറ്റിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. മോഷണവിവരമറിഞ്ഞ ഉടന്‍ തന്നെ നൗഷാദ് ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി. മോഷണം നടന്ന സ്ഥലത്ത് പോലീസ് എത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. പോത്തിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയതിന്റെ തെളിവുകള്‍ സ്ഥലത്തുനിന്ന് ലഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ വലിയ വാഹനങ്ങള്‍ ഈ മേഖലയിലൂടെ കടന്നുപോയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

 

ADVERTISEMENT