കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനായി റോയ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായാണ് സൂചന. സി ജെ റോയ്‌യുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങളാണ് ഉള്ളതെന്നാണ് വിവരം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽനിന്ന് തിരിച്ചടി നേരിട്ടുവെന്നും കുറേകാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കമ്പനിയെ എങ്ങനെ ആര് നയിക്കണമെന്നും കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. പണം നൽകാനുള്ളവരുടെ വിവരവും കുറിപ്പിലുണ്ട്.
താനൊരു ‘എക്‌സ്ട്രീം സ്റ്റെപ്’ എടുക്കുകയാണെന്നും ക്ഷമിക്കണമെന്നും പറയുന്ന വൈകാരികമായ കുറിപ്പിൽ, വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും വിവരങ്ങളുമുണ്ടെന്നാണ് വിവരം. അന്വേഷണ സംഘം കുറിപ്പുകൾ പരിശോധിച്ച് വരികയാണ്. കുറിപ്പിലെ സാമ്പത്തിക, ബിസിനസ് സംബന്ധിയായ പരാമർശങ്ങൾ തുടർ അന്വേഷണങ്ങൾക്ക് സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ജനുവരി 30നാണ് സി ജെ റോയ് ബെംഗളൂരുവിലെ സ്വന്തം സ്ഥാപനത്തിൽ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളിൽ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനിൽ ചില ഡോക്യുമെന്റുകൾ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകൾക്കുളളിൽ ഉദ്യോഗസ്ഥർ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്റെ സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയർന്ന ആരോപണം എന്നാൽ ഇത് ഉദ്യേഗസ്ഥർ തള്ളിയിരുന്നു.
സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റോയ് മരിച്ച വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്റെ വാദവും പൊലീസ് ശരിവെച്ചിരുന്നു.
ഇന്നലെ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്‌സ് ലക്ഷ്വറിയിലായിരുന്നു റോയ്‌യുടെ സംസ്‌കാരം. റോയ്‌യുടെ ആഗ്രഹപ്രകാരമാണ് സംസ്‌കാരം ഇവിടെ നടത്തിയത്. നിരവധി പേരാണ് റോയ്ക്ക് അന്തിമോപചാരമർപ്പിക്കാനായി ഇവിടേക്ക് എത്തിയത്.



