രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു; രണ്ടിലൊന്ന് അറിഞ്ഞ ശേഷം സുധാകരൻ കണ്ണൂരിലേക്ക്

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് അർധരാതി പുറത്തിറക്കുമെന്ന് വിവരം. പുറത്തിറക്കുന്ന പട്ടികയിൽ കെ സുധാകരന്റെ പേര് ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പട്ടിക പ്രഖ്യാപിച്ച ശേഷമാകും സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങുക. ഇന്ന് കണ്ണൂരിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര സുധാകരൻ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

 

അതേസമയം, കെ സുധാകരന് പിന്നാലെ അടൂർ പ്രകാശ് എംപിയും സ്ഥാനാർത്ഥിത്വത്തിനായുളള സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. കോന്നിയിൽ സ്ഥാനാർത്ഥിയായി തന്നെയും പരിഗണിക്കണമെന്ന് അടൂർ പ്രകാശ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അടൂർ പ്രകാശും സമ്മർദ്ദം ശക്തമാക്കുന്നത്.

മത്സരിക്കാനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെയാണ് അടൂർ പ്രകാശിന്റെ സമ്മർദ്ദ നീക്കം. സുധാകരന്റെ സ്ഥാനാർത്ഥിത്വ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് അടൂർ പ്രകാശ് താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. എന്നാൽ സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് തയ്യാറായതിന് പിന്നാലെ അടൂർ പ്രകാശ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതോടെ കോന്നി നിയമസഭ സീറ്റിൽ അടൂർ പ്രകാശ് തന്നെ മത്സരിക്കുമോ എന്ന ആകാംഷ ഉടലെടുത്തിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പാർട്ടി നേതൃത്വമാണ് ആവശ്യപ്പെട്ടതെന്നാണ് എഫ് ബി പോസ്റ്റിലുണ്ടായിരുന്നത്. പാർട്ടിയുടെ തീരുമാനത്തിന് ഒപ്പം നിൽക്കേണ്ടത് കടമയാണ്. കോന്നിയിൽ യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കും. പാർട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഹൈക്കമാൻഡ് അദ്ദേഹത്തെ കണ്ണൂരിൽ മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തത്. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരന്‍. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാന്‍ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികള്‍ വരെ രംഗത്തുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച സുധാകരന്‍ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. പിന്നാലെയാണ് സുധാകരന്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് സുധാകരന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത്.

ADVERTISEMENT