വോട്ടുകൊളളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്: ഓഗസ്റ്റ് 14-ന് പന്തംകൊളുത്തി പ്രകടനം

വോട്ടുകൊളളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഓഗസ്റ്റ് 14-ന് ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്താനാണ് തീരുമാനം. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പിസിസികളുടെ നേതൃത്വത്തില്‍ റാലികൾ സംഘടിപ്പിക്കും. ‘വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്’ (വോട്ട് കളളന്‍, രാജിവെക്കൂ പുറത്തുപോകൂ) എന്ന പേരിലാണ് റാലി നടത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ഒപ്പുശേഖരണ പ്രചാരണം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുളള നേതാക്കളും ഉള്‍പ്പെടെ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 48 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കളളവോട്ടാണെന്ന് രാഹുല്‍ ഗാന്ധി നേതൃയോഗത്തില്‍ പറഞ്ഞു.

48 ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും ഈ മണ്ഡലങ്ങളിലെ ഫലം നിര്‍ണയിച്ചത് വ്യാജ വോട്ടുകളാണെന്നും രാഹുല്‍ പറഞ്ഞു. ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു. വോട്ട് മോഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോള്‍ അത് വെറും മോഷണമല്ല, കൊളളയാണെന്ന് തെളിയുകയാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.ജനാധിപത്യം എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെടുന്നത് എന്ന് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി കാണിച്ചുതന്നിരിക്കുകയാണെന്ന് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ഇന്‍ ചാര്‍ജ് കനയ്യ കുമാര്‍ പറഞ്ഞു. ‘ഒരാള്‍ക്ക് ഒരു വോട്ട് എന്ന തത്വം അവതരിപ്പിച്ചത് ഭരണഘടനയാണ്. എന്നാല്‍ ഇപ്പോള്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെ ആക്രമണമുണ്ടായിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു ജീവന്‍ മരണ പോരാട്ടമാണ്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന സംവിധാനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അത് സംരക്ഷിക്കാനായി പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ പോരാടും. ഇത് ജനങ്ങളുടെ അവകാശങ്ങള്‍ക്കായുളള പോരാട്ടമാണ്’- കനയ്യ കുമാര്‍ പറഞ്ഞു

ADVERTISEMENT